///////////////////// ക്ഷമ //////////////////////
എണ്‍പതു പിന്നിട്ടെങ്കിലും ശാരീരികമായി ഫിറ്റിൽ ഫിറ്റായിരുന്നു വറീതേട്ടന്‍. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള ദീര്‍ഘദൂരയാത്രകളില്‍പോലും കക്ഷി സ്വയം കാറോടിക്കും.
ഒരു നാള്‍ എറണാകുളത്തേക്ക് പോകുന്ന വഴി അങ്കമാലിക്കടുത്ത് അത്താണിയില്‍വെച്ച് വറീതേട്ടന്‍റെ കാറും മറ്റൊരു കാറുമായി ഉഷാറായി കൂട്ടിയിടിച്ചു. റോഡിലേക്ക് തെറിച്ചു വീണ വറീതേട്ടന്‍ ആദ്യത്തെ ഷോക്കില്‍നിന്നും വിമുക്തനായപ്പോള്‍ എണീറ്റിരുന്നു നോക്കി. രണ്ടു കാറും സമ്പ്രദായത്തില്‍ തകര്‍ന്നിരിക്കുന്നു.
“ അപ്പ രണ്ട് വണ്ടീടേം ഫയല് ക്ലോസായി. ഭാഗ്യം; മ്മടെ സമയായിട്ടില്ല്യ. കര്‍ത്താവിന്‍റോരോ കളികള്!.”
മറ്റേ കാറിനു സമീപം മലര്‍ന്നു കിടക്കുന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ വറീതേട്ടന്‍ പ്രയാസപ്പെട്ട് അയാള്‍ക്കടുത്തേക്കു നടന്നു ചെന്നു.
“ ഡാ മോനേ..!”
വറീതേട്ടന്‍ കവിളില്‍ തട്ടിയപ്പോള്‍ പയ്യന്‍ കണ്ണു തുറന്നു.
പയ്യന്‍റെ മുഖത്തെ മണ്ണും പൊടിയും തട്ടിക്കളഞ്ഞുകൊണ്ടു വറീതേട്ടന്‍ ചോദിച്ചു.
“ എങ്ങനേണ്ട്രാ?.”
“ കൊഴപ്പല്ല്യ.”
ചെക്കന്‍ മലര്‍ന്നു കിടന്നു പുഞ്ചിരിച്ചു.
“ന്നാ നീയെണീറ്റേ! ചോയ്ക്കട്ടെ.”
കൈകൊടുത്ത് എഴുന്നേല്‍ക്കാന്‍ സഹായിച്ചുകൊണ്ടു വറീതേട്ടന്‍ ചോദിച്ചു:
“ക്ടാവെവടന്നാ?.”
“ഏര്‍ണാകുളത്ത്ന്ന്.”
“ദേവടക്കാ?.”
“കോഴിക്കോട്ടേക്ക്. സാറ്?.”
“ഞാര്‍ണാളത്തക്ക്.”
“സാറിന് കൊഴപ്പൊന്നുമില്ലല്ലോ?”
“അയ്, എന്തൂട്ട് കൊഴപ്പം!. ഡാ ഇതൊക്കേയ് കര്‍ത്താവിന്‍റെ ഓരോരോ തീരുമാനങ്ങളാ. നീയ് ദിവ്യാത്ഭുതംന്ന് കേട്ട്ണ്ടാ? ദിവ്യാത്ഭുതം?."
“ഉവ്വ്. ബൈബിളില്.”
“അയിന് നിയ്യ് നസ്രാണ്യാ?.”
“അതേ.”
“ങ്ഹാ. കേട്ടിട്ടല്ലേള്ളോ നിയ്യ്? അനുഭവിച്ചിട്ടില്ലിലോ?. ന്നാ ദേ ഇപ്പണ്ടായീതണ് സങ്ങതി!. മോന്തേം മൂടും തിരിച്ചറ്യാന്‍ പറ്റാത്തോണം മ്മടെ രണ്ട് വണ്ട്യോളും കൂട്ടിടിച്ച് ചപ്ല്യായിട്ടും മ്മക്കൊന്നും പറ്റീല്ല്യ; ഉവ്വോ?."
“ഇല്ല്യ.”
“ങ്ഹാ അദ്ദാണ്ടാ യ്യ് മിറക്കിള് മിറക്കിള്ന്ന് പറേണ സാനം!.”
തകര്‍ന്നു കിടക്കുന്ന സ്വന്തം കാറിനടുത്തേക്ക് ചെന്ന് വറീതേട്ടന്‍ ഉള്ളിലേക്ക് തലയിട്ടു സൂക്ഷിച്ചു നോക്കി. പെട്ടെന്നൊരിടത്തേക്ക് വിരല്‍ചൂണ്ടി വറീതേട്ടന്‍ ഒരാഹ്ലാദശബ്ദം പുറപ്പെടുവിച്ചു.
“ഡാ ക്ടാവേ നിയ്യിങ്ങട് വന്നേ!. ദ് നോക്ക്യേ!.”
പത്തു പൈസ കുറവാണെന്ന് തോന്നിയെങ്കിലും ചെത്ത് പയ്യന് വറീതേട്ടനില്‍ വല്ലാതെ രസം പിടിച്ചു തുടങ്ങിയിരുന്നു.
“എന്തേ വറീതേട്ടാ?.”
“ഇമ്മണ്ണം ചമ്മന്ത്യായ കാറില് ജാക്ക് ഡാനിയലിന്‍റെ ആ സിങ്കിള്‍ ബാരല് രു പരുക്കൂല്ല്യാണ്ട് കെടന്ന് ചിരിക്കണ ചിരി കണ്ട്രാ മോനേ നിയ്യ്?”
“ശര്യാ!.”
പയ്യന്‍ വിസ്മയംപൂണ്ടു തൊഴുതു നിന്നു.
“രണ്ടാമത്തെ മിറക്കിളാണ്ട്രാദ്!. രണ്ടാമത്തെ മിറക്കിള്!. എന്താണ്ടാ ഇതിന്‍റ്യോക്കര്‍ത്തം?.”
“എന്താ വറീതേട്ടാ?.”
“ഡാ ശവീ...., ഈയൊരൊറ്റ ഇടീല് മ്മള് രണ്ടാളും സൂര്‍ത്തുക്കളായില്ലിറാ? അതൊക്കെ കാലേക്കൂട്ടി കണ്ടിട്ട് മ്മക്ക് വീശാൻ ദൈവം കാത്തതല്ലറാ ആ കുപ്പീ!.”
നേരത്തെ വറീതേട്ടന്‍റെ മനോനിലയെ സംശയിച്ചതില്‍ പയ്യന് വല്ലാതെ ഹൃദയം നൊന്തു.
“ഷുവര്‍!. ” പയ്യന്‍ തംസപ്പി.
“അപ്പോ മ്മക്കിവന്യൊരു പിടുത്തം പിടിക്കാം ന്തേ?. നീയാദ്യം പൂശ്!.”
വറീതേട്ടന്‍ കുപ്പി തുറന്നു നീട്ടി. പയ്യന്‍ ആര്‍ത്തിയോടെ പിടിച്ചു വാങ്ങി മൂന്നുനാലു കവിളിറക്കിയശേഷം കുപ്പി വറീതേട്ടന് നീട്ടി. പക്ഷേ അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് വറീതേട്ടനത് നിരസിച്ചു.
“അയ്. എന്തേ വറീതേട്ടന്‍ കഴിക്കുന്നില്ലേ?.”
“ഏയ് ഇപ്പ വേണ്ട്രപ്പ!. പോലീസൊക്കെ വന്ന് പോയിട്ട് പത്ക്കെ മതി!.”
(ബാലചന്ദ്രൻ പറങ്ങോടത്ത്)
This entry was posted on 07:07
You can follow any responses to this entry through
the RSS 2.0 feed.
You can leave a response,
or trackback from your own site.




0 comments:
Post a Comment